എറണാകുളം: അതിഥി തൊഴിലാളികള്‍ക്കായി എറണാകുളം ജില്ല ഭരണകൂടം പെരുമ്പാവൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നു. അവര്‍ക്കിടയില്‍ കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.കഴിഞ്ഞ ദിവസം മുപ്പതോളം കൊവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതിനുശേഷം ഇതുവരെ ആകെ 399 അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 123 അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും വിവര ശേഖരണവും നടത്തി. ഇത്തരത്തിൽ 679 ക്യാമ്പുകളാണ് ഇതുവരെ സന്ദര്‍ശിച്ചത്.
കൂടുതൽ വായനയ്ക്ക്:കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് റെഡ്ക്രോസ്
തൊഴിലാളികളുടെ ആശങ്കയകറ്റാനുള്ള പ്രചാരണം തുടരുകയാണ്. ചികിത്സ, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജില്ല ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് പരിഹാരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കണമെന്നും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 32537 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചത്.