കൊച്ചി: കൊവിഡ് 19 രോഗബാധ സംശയിച്ച് കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചയാൾ മരിച്ചു. എന്നാൽ ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമല്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ തന്നെ അറിയിച്ചിരുന്നു. മലേഷ്യയില്‍ രണ്ടര വര്‍ഷമായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയെ ചുമയും ശ്വാസതടസവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയില്‍ യുവാവിന്‍റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനെ തുടര്‍ന്ന് കീറ്റോ അസിഡോസിസ് രോഗാവസ്ഥയുള്ളതായി കണ്ടെത്തിയിരുന്നു. ശ്വാസതടസവും ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധിച്ചിട്ടുള്ളതിനാലും രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു. എച്ച്1എന്‍1, കൊവിഡ് 19 പരിശോധനകളും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയിരുന്നു.