എറണാകുളം: സ്വർണക്കടത്ത് കേസിൽ വൻ സ്രാവുകളുണ്ടെന്ന് എറണാകുളം എ.സി.ജെ.എം കോടതി. ഇവരുടെ അധികാര ദുർവിനിയോഗം ഞെട്ടിക്കുന്നതാണ്. യുഎഇ കോൺസുലേറ്റിലെ ഉന്നതരുമായും ഇവർക്ക് ബന്ധമുണ്ടെന്നും പ്രതികളുടെ മൊഴികളിൽ നിന്ന് വ്യക്തമായെന്ന് കോടതി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ വിട്ട ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് കൂടി കസ്‌റ്റഡിയിൽ വിട്ടു.മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുത്. രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. പകൽ സമയങ്ങളിൽ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളും കോടതി കസ്‌റ്റംസിന് നൽകി. അഞ്ചു ദിവസത്തെ കസ്‌റ്റംസ് കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്ന് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ ഇരുപത്തിമൂന്നാം പ്രതിയായ ശിവശങ്കറെ ഏഴ് ദിവസം കൂടി കസ്‌റ്റഡിയിൽ വിടണമെന്ന് കസ്‌റ്റംസ് ആവശ്യപ്പെടുകയായിരുന്നു.
ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒരെണ്ണം കൂടി കണ്ടെടുക്കണം. സീൽഡ് കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴികളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ എം.ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടത്. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മറ്റു പ്രതികളായ കെ.ടി.റമീസ് ,സന്ദീപ് നായർ, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാഡ് കാലാവധി ഈ മാസം പതിനഞ്ച് വരെ നീട്ടി.