എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്ത് ഉൾപ്പടെയുള്ള നാല് പേർ റിമാന്‍ഡില്‍. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്‌തത്. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുണ്ടായിരുന്ന സരിത്തിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കസ്റ്റംസ് അറസ്റ്റ് ചെയ്‌ത മൂവാറ്റുപുഴ സ്വദേശി ജമാൽ, മലപ്പുറം സ്വദേശികളായ ഷാഫി, അംജദ് അലി എന്നിവരെയും ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കി.
മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം ഇവരെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കസ്റ്റംസ് കോടതിയെ സമീപിക്കും. നാലാം പ്രതി റമീസുമായി സ്വർണ കടത്തിൽ സഹകരിച്ച് പ്രവർത്തിച്ചവരാണ് മൂന്ന് പേരും. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലബാർ മേഖലയിലെ ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. ഇതേ തുടർന്ന് മലപ്പുറം സ്വദേശിയായ ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അതേസമയം നാലാം പ്രതി റമീസിനായുള്ള കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വൈകിയതിനെ തുടർന്നാണ് കോടതി തീരുമാനം. റമീസിനെതിരെ സ്വർണക്കടത്ത് കുറ്റം അടിച്ചേല്‍പിക്കാൻ കസ്റ്റംസ് ശ്രമിക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചില പേപ്പറുകളിൽ കസ്റ്റംസ് ഒപ്പുവെപ്പിച്ചുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം റമീസിനായുള്ള കസ്റ്റംസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.