എറണാകുളം: കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ രംഗം സജീവമെങ്കിലും മനസിൽ തെല്ല് ആശങ്കയുണ്ടെന്ന് ചൈനയിലെ എംബിബിഎസ് വിദ്യാർഥി ഡോണ കുര്യാക്കോസ്. കൊറോണ ബാധയുണ്ടായ സാഹചര്യത്തിൽ ഫെബ്രുവരി പത്ത് വരെയായിരുന്ന വെക്കേഷൻ 24 വരേയ്ക്ക് നീട്ടിയിട്ടുണ്ട്. ഒരുപക്ഷേ ഇനിയും നീട്ടിയേക്കാമെന്നും ഡോണ അഭിപ്രായപ്പെട്ടു. കൊറോണയെ നിയന്ത്രിക്കാനുള്ള പ്രാപ്തി ചൈനീസ് സർക്കാരിനുണ്ടെന്ന് വിശ്വാസമുണ്ട്. നിപ ബാധിച്ചതു പോലെ ഒരു രോഗബാധ ചൈനയിലുമുണ്ടായി എന്ന നിലയിൽ മാത്രമേ താൻ കൊറേണ ബാധയെയും കാണുന്നുള്ളുവെന്നും ഡോണ പറഞ്ഞു.
തൃശൂരിൽ ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ ആരോഗ്യകാര്യത്തിൽ പാലിക്കുകയും പരിശോധനകൾ കൃത്യമായി നടത്തുകയും ചെയ്യുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും വിവരങ്ങൾ അന്വേഷിച്ച് വിളിക്കാറുണ്ട്. എന്നെക്കാൾ ആകാംക്ഷ മറ്റുള്ളവർ പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോണ പറഞ്ഞു. ചൈനയിലെ ജിയാംഗ്‌സു സർവകലാശാലയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിയായ ഡോണ ജനുവരി പത്തിനാണ് ചൈനയിൽ നിന്നും എത്തിയത്. കോതമംഗലം ചേലാട് ചെങ്ങമനാട്ട് കുര്യാക്കോസിന്‍റെയും ഏലിയാമ്മയുടെ മകളാണ് ഡോണ.