എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ കൺസൾട്ടൻസി ഉടമ ബി.വി നാഗേഷിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണവുമായി നാഗേഷ് സഹകരിക്കുന്നില്ലെന്നും നിർമാണ കമ്പനി ഉടമ സുമിത് ഗോയലുമായി ചേർന്ന് നാഗേഷ് ഗൂഢാലചന നടത്തിയെന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടി രൂപകൽപനയിൽ മാറ്റം വരുത്തിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
പാലാരിവട്ടം മേൽപാലം നിർമാണ ക്രമക്കേടിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് നാഗേഷിനെ അറസ്റ്റ് ചെയ്‌തത്. പാലം രൂപകൽപന ചെയ്‌ത ബെംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് ബി.വി നാഗേഷ്. ബുധനാഴ്‌ച മുതൽ ഇയാളെ വിജിലൻസ് ചോദ്യം ചെയ്‌ത് വരികയായിരുന്നു. കോട്ടയം വിജിലൻസ് ഓഫിസിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ബി.വി നാഗേഷിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. നാളെ വൈകുന്നേരം അഞ്ച് മണിവരെയാണ് നാഗേഷിൻ്റെ വിജിലൻസ് കസ്റ്റഡി.
നാഗേഷിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പാലത്തിൻ്റെ രൂപകൽപനയിലെ പിഴവും പാലത്തിൻ്റെ തകർച്ചക്ക് കാരണമായെന്ന് കണ്ടെത്തിയിരുന്നു. ഈ പ്ലാൻ മറ്റൊരു കമ്പനിക്ക് നൽകി നാഗേഷ് കൺസൾട്ടൻസി പതിനേഴ് ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.