എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ
ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽവച്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. 11 മണിയോടെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.
നേരത്തെ ഈ കേസിലെ പ്രതികളെ കോടതി അനുമതിയോടെ 33 മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സംഘം നേരിട്ട് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലമാണ് ഇപ്പോൾ ലഭിച്ചത്. ഇതിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
അതേസമയം, കോടതി നിർദേശപ്രകാരം പ്രതികൾ സമർപ്പിച്ച ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നൽകി.
ALSO READ: 'ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതം'; സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് എ വിജയരാഘവന്‍
ദിലീപിന്‍റെ സഹോദരൻ അനൂപിനെയും നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ രണ്ട് പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാശേഷം നടൻ ദിലീപിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. വധ ഗൂഢാലോചന കേസിൽ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ അന്വേഷണവുമായ സഹകരിക്കണമെന്ന കർശന നിർദേശവും കോടതി നൽകിയിരുന്നു.