എറണാകുളം: വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ദിലീപിന് തിരിച്ചടി. അന്വേഷണത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന ഹർജിയിൽ വിശദമായി വാദം കേൾക്കണം. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 28-ാം തീയതിയിലേക്ക് മാറ്റി. അതുവരെ അന്വേഷണം തടയണമെന്ന ദിലീപിന്‍റെ ആവശ്യവും കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഈ കേസിലെ പ്രധാന തെളിവായ രണ്ട് ഫോണുകളിലെ തെളിവുകൾ നശിപ്പിച്ച ശേഷമാണ് ദിലീപ് കോടതിക്ക് കൈമാറിയത്. ഫോണുകൾ മുംബൈയിലെ ലാബിലേക്ക് അയച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ഈ തെളിവുകളാണ് വീണ്ടെടുത്തത്.
ഫോൺ കൈമാറാൻ ജനുവരി 29നാണ് കോടതി ഉത്തരവിട്ടത്. 29ന് വൈകിട്ട് ഫോണുകൾ മുംബൈയിലെ ലാബിൽ എത്തിച്ചു. ലാബിലെ ജീവനക്കാരെയും ഡയറക്‌ടറെയും ചോദ്യം ചെയ്‌തു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുത്തുവെന്നും അന്വേഷ സംഘം കോടതിയെ അറിയിച്ചിരുന്നു.
ഇതിന് മറുപടിയായി ദിലീപ് കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോർട്ടും തമ്മില്‍ വ്യത്യാസമില്ല. വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്‌തവ വിരുദ്ധമാണ്. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകൻ കൊവിഡ് ബാധിതനായിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ദാസന്‍ 2020 ഡിസംബർ 26ന് വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഓക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
ഇരുപക്ഷത്തിന്‍റെയും വിശദീകരണങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് കേസ് റദ്ദാക്കണമെന്ന ഹർജിയിൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയത്. അതേസമയം കേസ് റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഈ മാസം 28 ന് അന്തിമവാദം കേൾക്കും.
Also Read: വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ്