എറണാകുളം: എറണാകുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞതിന് പിന്നാലെ മേയർ സൗമിനി ജെയിന് എതിരെ കൊച്ചിയിലെ കോൺഗ്രസില്‍ പ്രതിഷേധം. ഉപതെരഞ്ഞെടുപ്പിൽ ടി.ജെ വിനോദിന് ലഭിച്ച ഭൂരിപക്ഷം കുറയാൻ കാരണം നഗരസഭയുടെ പരിധിയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് തന്നെയാണെന്ന് മുൻ ജിസിഡിഎ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ. വേണുഗോപാൽ പ്രതികരിച്ചു. നഗരസഭയുടെ പരിധിയിൽ കുറഞ്ഞ 19000 വോട്ടുകൾ മുഴുവനും യുഡിഎഫ് വോട്ടുകളാണ്. അതിനാൽ തന്നെ കോർപ്പറേഷൻ ഭരണത്തിൽ ജനങ്ങൾക്ക് അസംതൃപ്‌തി ഉണ്ടെന്ന് വ്യക്തമാണ്.
ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും അത് ഏതു രീതിയിൽ വേണമെന്ന് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും എൻ. വേണുഗോപാൽ പറഞ്ഞു. ഇപ്പോഴത്തെ കൊച്ചി നഗരസഭ ഭരണ സമിതിയുടെ കുറ്റകരമായ അനാസ്ഥ നിലവിലെ പ്രശ്നങ്ങളിലുണ്ടെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾ തന്നെ വെള്ളക്കെട്ടും, റോഡിന്റെ ശോചനീയാവസ്ഥയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. കൊച്ചി നഗരസഭയുടെ ഭരണം തീർത്തും പരാജയമാണെന്നും ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയാൻ ഇത് കാരണമായെന്നും ഹൈബി ഈഡൻ എംപി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായി കോൺഗ്രസ് നേതാക്കൾ തന്നെ സൗമിനി ജെയിനും കൊച്ചി നഗരസഭയ്ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.