എറണാകുളം : തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണത്തിൽ കോൺഗ്രസ് അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി.
ആരോപണ വിധേയയായ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ എറണാകുളം ഡി.സി.സി. ഓഫിസിൽ എത്തി മൊഴി നൽകി. തനിക്ക് പറയാനുളള കാര്യങ്ങൾ വിശദമായി അറിയിച്ചെന്നും പാർട്ടി അന്വേഷണം നടത്തി തുടര്‍ നടപടികള്‍ തീരുമാനിക്കട്ടെയെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.
ആദ്യം പറഞ്ഞ കാര്യങ്ങൾ മാത്രമേ തനിക്ക് പറയാനുള്ളൂ. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ പ്രശ്‌നമില്ലന്നും അജിത തങ്കപ്പൻ പറഞ്ഞു.
ഭരണപക്ഷ കൗൺസിലർമാർ തന്നെ പണം നൽകിയെന്ന കാര്യം വെളിപ്പെടുത്തിയതിനെ കുറിച്ച് മറുപടി പറയാൻ ചെയർപേഴ്‌സൺ തയാറായില്ല.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരും തെളിവെടുപ്പ് നടത്തുന്ന പാർട്ടി കമ്മിഷന് മുന്നില്‍ എത്തി വിശദീകരണം നൽകി.
ഡി.സി.സി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ.കെ. സേവ്യർ എന്നിവരെയാണ് അന്വേഷണ കമ്മിഷനായി ഡി.സി.സി. നിയോഗിച്ചത്.
കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കെ.പി.സി.സി, നഗരസഭാധ്യക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
Also Read: ഓണക്കോടിക്കൊപ്പം പണം : സിസിടിവി സംവിധാനത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് എൽഡിഎഫ്
അതേസമയം ചെയർ ചെയർപേഴ്‌സണിനെതിരായ പ്രതിഷേധം ഇടത് നഗരസഭ കൗൺസിലർമാർ ശക്തമായി തുടരുകയാണ്. ഓഗസ്റ്റ് 17നാണ് നഗരസഭ ചെയർപേഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയത്.
ഇതിനോടൊപ്പം ഒരു കവറും നൽകിയിരുന്നു. ഇതിൽ പതിനായിരം രൂപയാണെന്ന് മനസിലാക്കിയ പ്രതിപക്ഷ കൗൺസിലര്‍മാര്‍ പണം തിരിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്‌തു.
പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമാണെന്നായിരുന്നു പ്രതിപക്ഷ കൗൺസിമാരുടെ ആരോപണം.
നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആരോപിക്കുന്നു.