എറണാകുളം: പലതരം പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധ നേടിയെടുക്കുന്നവരുടെ കാലമാണിത്. എന്നാല്‍ ശക്തമായി ഒഴുകുന്ന വെള്ളത്തില്‍ പട്ടാപ്പകല്‍ കോണ്‍ക്രീറ്റ് വാരി വിതറി ഓടനവീകരണമെന്ന പേരില്‍ വാര്‍ക്ക പണി ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ? എങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലെത്തിയാല്‍ മതി. ഈ പുത്തൻ ചടങ്ങ് നടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണെന്ന പ്രത്യേകതയുമുണ്ട്.
ഫോർട്ട് കൊച്ചി വെളി റോഡിൽ നടക്കുന്ന ചടങ്ങുതീര്‍ക്കല്‍ കര്‍മം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പണി ചെയ്യുന്നവരുടെ ആത്മവിശ്വാസം എടുത്തു പറയേണ്ടതു തന്നെ. കാനയിലെ വെള്ളം വറ്റിക്കാതെ വെള്ളത്തിൽ തന്നെ സിമന്‍റും മെറ്റലുമിട്ട് ഫ്ളോറിങ് നടത്തുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. സാധാരണ ഓടയിലെ വെള്ളം മറ്റൊരു ഭാഗത്ത് കെട്ടി നിർത്തിയാണ് ഫ്ളോറിങ് ജോലികൾ ചെയ്യാറുള്ളത്. എന്നാൽ ഇവിടെ മലിന ജലത്തിൽ തന്നെ ഈ പ്രവൃത്തികൾ നടത്തുകയാണ് ഒരു അസ്വസ്ഥതയുമില്ലാതെ.
ALSO READ:വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ എ.ഐ.എസ്.എഫ്
പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവാദപ്പെട്ടവരുടെ നേതൃത്വത്തില്‍ നടക്കേണ്ട ഇത്തരം പണികള്‍ നോക്കാനോ നിയന്ത്രിക്കാനോ ആരുമില്ലെന്നതും ശ്രദ്ധേയം. അവധി ദിനത്തിലാണ് ഈ കാട്ടിക്കൂട്ടൽ ജോലി ചെയ്തതെന്നും നാട്ടുകാർ പറയുന്നു. സംഭവം നാണക്കേടാകുമെന്ന് ഉറപ്പായതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടു. പക്ഷേ നാട്ടുകാര്‍ വിടാൻ തയ്യാറല്ല, മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് അവര്‍.