എറണാകുളം: ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ അഭിഭാഷകനായ സൈബി ജോസഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി റാന്നി കേസിലെ പരാതിക്കാരിൽ ഒരാളായ ബിനു സി മാത്യു. റാന്നിയിൽ ദലിത് കുടുംബങ്ങൾ ജാതീയമായ പീഡനം നേരിട്ടുവെന്ന കേസിലെ പ്രതികൾക്ക്, ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് 50 ലക്ഷം ചെലവായെന്ന് പ്രതികളിലൊരാൾ പറഞ്ഞുവെന്നാണ് മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ ബിനുവിന്‍റെ വെളിപ്പെടുത്തല്‍. പ്രതികളിലൊരാളായ ജോയിക്കുട്ടി ഈ കേസിൽ മുൻകൂര്‍ ജാമ്യം ലഭിക്കാൻ 50 ലക്ഷം ചെലവായെന്ന് പരസ്യമായി പള്ളിയിൽവച്ച് പറഞ്ഞുവെന്നാണ് ബിനു പറയുന്നത്.
ദലിത് കുടുംബങ്ങളുടെ പരാതിയിൽ എസ്‌സി/എസ്‌ടി കമ്മിഷന്‍റെ നിർദേശപ്രകാരമായിന്നു റാന്നി ഡിവൈഎസ്‌പി അന്വേഷണം നടത്തി പ്രതികൾക്കെതിരെ കേസെടുത്തത്. എന്നാൽ, ഈ കേസിൽ പ്രതികൾ മുൻകൂർ ജാമ്യം നേടുകയായിരുന്നു. പരാതിക്കാർ അറിയാതെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ തങ്ങൾക്ക് അന്ന് തന്നെ സംശയമുണ്ടായിരുന്നു. പ്രതികളിലൊരാളുടെ വെളിപ്പെടുത്തൽ കൂടി ഉണ്ടായതോടെയാണ് ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി റജിസ്റ്റാർക്ക് പരാതി നൽകിയതെന്നും ബിനു സി മാത്യു പറഞ്ഞു. തുടർന്ന്, ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയെന്നും താൻ ഉൾപ്പടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൈബി ജോസ് കിടങ്ങൂർ ഹാജരായ ഈ കേസിൽ മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് തിരിച്ചെടുത്ത് ഹൈക്കോടതി അസാധാരണമായ ഇടപെടൽ നടത്തി. പരാതിക്കാർ നോട്ടിസ് ലഭിച്ചിട്ടും ഹാജരായിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കണ്ടെത്തിയതോടെയാണ് അസാധാരണമായ ഇടപെടല്‍.