എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി രണ്ട് കമ്പനികളെ സമിതി തെരഞ്ഞെടുത്തു. സാങ്കേതിക ഉപദേഷ്ടാവ് സർവാതെയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനീയറിങ്, ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെ തെരഞ്ഞെടുത്തത്.
നാളെ ചേരുന്ന മരട് നഗരസഭ കൗൺസിൽ സാങ്കേതിക സമിതിയുടെ തീരുമാനത്തിന് അംഗീകാരം നൽകുന്നതോടെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. പത്തു ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം. തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിക്കും. അതേസമയം പരിസരവാസികൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് എസ്. ബി. സർവ്വാതെ പറഞ്ഞു.
പാർട്ടികൾ പോകുന്നതിനു മുൻപ് പരിസരവാസികൾക്ക് മുന്നറിയിപ്പ് നൽകും. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും ഫ്ലാറ്റുകൾ പൊളിക്കുക. തിരഞ്ഞെടുത്ത രണ്ട് കമ്പനികൾക്കും മികച്ച നിലവാരം ഉണ്ടെന്നും ഇത് പരിശോധിച്ചശേഷമാണ് കമ്പനികളെ തിരഞ്ഞെടുത്തതെന്നും സാങ്കേതിക സമിതി അറിയിച്ചു. ചുറ്റുമുള്ള ജലാശയത്തിൽ അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ എടുക്കുമെന്നും 100 മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങൾ ഉണ്ടാകുമെന്നും സാങ്കേതിക സമിതി പറഞ്ഞു. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളുടെയും ചുമതല നഗരസഭയ്ക്ക് ആയിരിക്കുമെന്നും ഫ്ലാറ്റുകൾ പൂർണമായും ഒഴിപ്പിച്ചെന്നും ജില്ലാ കലക്ടർ സുഹാസ് പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി കലക്ടർ ഫ്ലാറ്റുകൾ നഗരസഭയ്ക്ക് കൈമാറി.