കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. പ്രതി ആക്രമണം നടത്തുന്നതിനായി അബുദാബിയിൽ നിന്ന് അവധി എടുത്തു വന്നതായിരുന്നുവെന്നും കൊല ചെയ്യാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും അന്വേഷണ ഉദ്യാഗസ്ഥർ വ്യക്തമാക്കി.
പ്രണയാഭ്യർഥന നിഷേധിച്ച പെൺകുട്ടിയും സുഹൃത്തും സ്കൂട്ടറിൽ പോകവെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടികൾ ബഹളം വച്ചതിനാൽ കൃത്യം പൂർത്തിയാക്കാനാകാതെ പ്രതികൾ രക്ഷപ്പടുകയായിരുന്നു. അക്രമത്തിനു പിന്നിൽ കോട്ടെഷൻ സംഘം എന്ന് വരുത്തി തീർക്കാൻ പ്രതികൾ ശ്രമം നടത്തി. സംഭവ സ്ഥലത്ത് കോട്ടെഷൻ സംഘത്തിന്റെ എന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. അന്ന് കൊച്ചിയിൽ താമസിച്ച ശേഷം പിറ്റേന്ന് തന്നെ അബുദാബിക്ക് മടങ്ങി. പൊലീസിന്‍റെ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തന്ത്രപൂർവ്വം തിരിച്ചെത്തിച്ചത്.