എറണാകുളം: കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ രവിപുരത്തെ ബാറിലും ഹോട്ടലിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംബ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുധി, നിധിൻ എന്നിവരെ രവിപുരത്തെ ഫ്ലൈ ഹൈ ബാറിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
ബാറിലെ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ മദ്യപിച്ച ഇരിപ്പിടത്തിലും മോഡലിനെ പീഡനത്തിനിരയാക്കിയ പാർക്കിങ് ഏരിയയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യപാനത്തിന് ശേഷം അവശയായ മോഡലിനെ കാറിൽ കയറ്റി കൊണ്ടുപോയത് ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതികൾ പൊലീസിനോട് വിശദീകരിച്ചു.
പീഡനത്തിന് ശേഷം പ്രതികൾ മോഡലിനൊപ്പമെത്തി ഭക്ഷണം കഴിച്ച ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. അടുത്ത ദിവസങ്ങളിൽ പ്രതികൾ മോഡലിനെയും കൊണ്ട് സഞ്ചരിച്ച നഗരത്തിലെ വിവിധ ഇടങ്ങളിലും, മോഡലിനെ പ്രതികൾ ഇറക്കിവിട്ട കാക്കനാട്ടെ ഹോസ്റ്റലിന് സമീപമെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതികളെ ചൊവ്വാഴ്‌ചയാണ് കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ വ്യാഴാഴ്‌ച അർധരാത്രിയായിരുന്നു കാസർകോട് സ്വദേശിയായ കൊച്ചിയിൽ താമസമാക്കിയ യുവതി വാഹനത്തിൽ വച്ച് പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് എന്നീ പ്രതികൾ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡി.ജെ പാർട്ടിക്കെത്തിയത്. ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
യുവതിയുമായി വാഹനത്തിൽ കറങ്ങിയ മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. തുടർന്ന് യുവതിയെ വീണ്ടും ബാറിലെത്തിച്ച് പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
ALSO READ: മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം: പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പീഡനത്തിനിരയായ യുവതി വെള്ളിയാഴ്‌ച പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും സൗത്ത് പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തിരുന്നു.