എറണാകുളം: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി കൊച്ചി കോർപ്പറേഷൻ. അറ്റകുറ്റപ്പണികൾക്കായി വൈറ്റില മേഖലയിലെ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ എറണാകുളം ട്രാഫിക് പൊലീസ് അസിസ്റ്റൻറ് കമ്മീഷണർക്ക് കത്ത് നൽകി.
മൂന്ന് ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ അറ്റകുറ്റപണികൾ നടത്തുന്നതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് സബ് ഡിവിഷന്‍ പരിധിയിലുളള എറണാകുളം ഗാന്ധിനഗർ റോഡ്, പി വി ആന്‍റണി റോഡ്, സലിം രാജൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സം കൂടാതെ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊലീസ് അനുമതി നൽകി.
13, 14 തീയതികളിൽ രാത്രി 10 മണിക്കും രാവിലെ അഞ്ച് മണിക്കും ഇടയിലുള്ള സമയത്ത് അറ്റകുറ്റപണികൾ നടത്തുന്നതിനായി വ്യവസ്ഥകളോടെയാണ് പൊലീസ് അനുമതി നൽകിയത്. അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്ത് പ്രസ്തുത ജോലി കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അനുമതി മറ്റ് അതോറിറ്റികൾ നൽകിയ വ്യവസ്ഥകൾക്ക് വിപരീതമാകരുതെന്നും പൊലീസ് നൽകിയ വ്യവസ്ഥകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജിസിഡിഎയ്ക്കും കൊച്ചി നഗരസഭയ്ക്കുമാണ് മൂന്നു ദിവസത്തിനകം റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്ന് ആൾ വരേണ്ടി വരുമോയെന്നും കോടതി ചോദിച്ചിരുന്നു.