എറണാകുളം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കേരളത്തില്‍ നഴ്‌സിങ് വിദ്യാഭ്യാസത്തിന് വിത്തുപാകി മുളപ്പിച്ച ഇറ്റാലിയന്‍ സിസ്‌റ്റേഴ്‌സിന്‍റെ സേവനം മഹത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Chief Minister Speech At Ernakulam Govt Nursing College). എറണാകുളം ഗവ നഴ്‌സിങ് സ്‌കൂളിന്‍റെ ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇറ്റാലിയൻ സിസ്‌റ്റേഴ്‌സിന്‍റെ നേതൃത്വത്തിലാണ് ജനറലാശുപത്രിയിൽ നഴ്‌സിങ് വിദ്യാഭ്യാസം തുടങ്ങിയയത്. കൊച്ചി രാജാവിന്‍റെ അഭ്യർത്ഥന പ്രകാരം ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയാണ് പരിശീലനം ലഭിച്ച നഴ്‌സുമാരെ എറണാകുളത്തേക്ക് ക്ഷണിച്ചത്.
സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ നാല് ഇറ്റാലിയൻ നഴ്‌സുമാരാണ് രോഗി പരിചരണത്തിനായി എത്തിയത്. അന്നത്തെ പ്രതികൂല സാഹചര്യങ്ങളിൽ അവർ നടത്തിയ സേവനം മഹത്തരമായിരന്നുവെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.മലയാളികളായ നഴ്‌സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോകപ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആശുപത്രി സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്‌സുമാരെയാണ്. ഈ തിരിച്ചറിവോടെ നഴ്‌സിങ് പഠന രംഗത്തും നഴ്‌സുമാരുടെ റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവകാരുണ്യത്തിൻ്റെ പ്രതീകങ്ങളാണ് നഴ്‌സുമാര്‍. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദയാവായ്‌പിന്‍റെയും പ്രതീകമായാണ് ഏവരും നഴ്‌സുമാരെ കാണുന്നത്. കേവലം പരിചരണമല്ല തികച്ചും മനുഷ്യത്വ പൂർണ്ണമായ പരിചരണമാണ് നഴ്‌സുമാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. നഴ്‌സിങ് മേഖലയുടെ വിലമതിക്കാനാവാത്ത പരിചരണം വളരെയധികം തിരിച്ചറിഞ്ഞ കാലമാണിത്. നിപയുടെയും കൊവിഡിന്‍റെയും സമയത്ത് സ്വജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിച്ച് മലയാളിമനസ്സിൽ ഇടം നേടിയവരാണ് നമ്മുടെ നഴ്‌സുമാർ.
നിപ വൈറസ് ബാധിതരെ ചികിത്സിച്ച് ജീവൻ ത്യജിച്ച ലിനി നമ്മുടെ ഓർമ്മയിൽ ഉണ്ട്. നഴ്‌സിങ് സേവനത്തിന്‍റെ സമാനതകളില്ലാത്ത പ്രതീകമാണ് ലിനി. ഇത് മനസ്സിലാക്കിയാണ് സർക്കാർ മേഖലയിലെ മികച്ച നഴ്‌സിനുള്ള അവാർഡിന് ലിനിയുടെ പേര് നൽകാൻ സർക്കാർ തയ്യാറായത്. ലിനിയെപ്പോലുള്ളവരുടെ അർപ്പണബോധമാണ് നഴ്‌സുമാരില്‍ പ്രകടമാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നഴ്‌സിങ് പഠനനിലവാരം താരതമ്യേന ഉയർന്ന നിലയിലാണ്. നഴ്‌സിങിനെ ഒരു തൊഴിൽ എന്നതിനപ്പുറം സേവനമായി കാണുന്ന സംസ്‌കരവും കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. സർക്കാർ സർവീസിലുള്ള നഴ്‌സുമാർക്ക് മികച്ച ശമ്പളവും സേവനവ്യവസ്ഥയും പ്രമോഷൻ സാധ്യതകളും കേരളത്തിലുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതി അതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ശക്തമായ ഇടപെടൽ നടത്തി. അതിൻ്റെ ഫലമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്കുള്ള മിനിമം ശമ്പളം ഇരുപതിനായിരം രൂപയായി നിജപ്പെടുത്തി. ഇതു നൽകിയ ആശ്വാസം വളരെ വലുതാണ്.
ഈ സർക്കാരിൻ്റെ കാലത്തും നഴ്‌സിങ് മേഖലയിൽ ഗൗരവകരമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറം നാടുകളിൽ ജോലി തേടി പോകുന്ന നഴ്‌സുമാര്‍ക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ ആവശ്യമായ കോഴ്‌സുകള്‍ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടത്തി വരികയാണ്.
ഇത്തരം അവസരങ്ങൾ ഒരുങ്ങുമ്പോൾ അവ ഉപയോഗപ്പെടുത്താൻ കഴിയുന്നവിധം നമ്മുടെ കുട്ടികളെ പ്രാപ്‌തരാക്കാൻ നഴ്‌സിങ് കോളേജുകൾക്ക് സാധിക്കണം. സേവനത്തിന്‍റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും ഉന്നത മികവു പുലർത്തുന്നവരായി നമ്മുടെ കുട്ടികൾ മാറണം. അതിനുതകുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.