എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിങ്കളാഴ്‌ച രാവിലെ കൊച്ചി ഇ ഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. എന്നാൽ രാവിലെ 8.30ഓടെ സി എം രവീന്ദ്രൻ നിയമസഭയിൽ എത്തി.
നിയമസഭ നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടന്ന് സി എം രവീന്ദ്രൻ ഇ ഡിയെ അറിയിച്ചതായാണ് സൂചന. കോഴക്കേസിലെ മറ്റു പ്രതികൾ നൽകിയ മൊഴിയുടെയും, ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനിലേക്ക് കൂടി അന്വേഷണമെത്തിയത്. രവീന്ദ്രനും സ്വപ്‌ന സുരേഷും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഇ ഡി പരിശോധിച്ചിരുന്നു.
മുൻ പ്രിൻസിപ്പൽ സെക്രറിയും ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയുമായ എം ശിവശങ്കർ സ്വപ്‌നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിൽ സി എം രവീന്ദ്രനെ കുറിച്ച് പരാമർശിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞിരുന്നു. ഇതിലൂടെ കാര്യങ്ങളെല്ലാം സി എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലേക്ക് ഇ ഡിയെ എത്തിച്ചു.
ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. സ്വപ്‌നയുമായി വ്യക്തിപരമായ സ്വകാര്യ ചാറ്റുകളും, സംസ്ഥാനത്തിന് പ്രളയ സഹായം ആവശ്യപ്പെട്ടുള്ള ചാറ്റുകളുമാണ് രവീന്ദ്രൻ നടത്തിയത്. ഈയൊരു സാഹചര്യത്തിലായിരുന്നു സി എം രവീന്ദ്രനെ വീണ്ടും വിളിച്ച് വരുത്തി വ്യക്തത തേടാൻ ഇ ഡി തീരുമാനിച്ചത്.
നേരത്തെ 2020ല്‍ സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്‌തിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇ ഡി സംശയം പ്രകടിപ്പിച്ചിരുന്നു. മണിക്കൂറോളോളം ഇ ഡി രവീന്ദ്രനെ അന്ന് ചോദ്യം ചെയ്‌തിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയുള്ള പ്രതിപക്ഷത്തിന്‍റെ പ്രാചാരണത്തിനിടയാക്കിയിരുന്നു.
ഒരിക്കൽ കൂടി സി എം രവീന്ദ്രനിലേക്ക് ഇ ഡി അന്വേഷണമെത്തുമ്പോൾ മുഖ്യമന്ത്രിയെ ഉൾപ്പെടെ പ്രതികൂട്ടിലാക്കിയുള്ള പ്രതിപക്ഷ വിമർശനങ്ങൾ ശക്തിപ്പെടാനാണ് സാധ്യത.
Also read: 'ശിഷ്യനു പുറകേ ആശാനും അകത്തു പോകും', മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍