എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് മൊഴിയെടുക്കുന്നത്. നാലാം തവണയും ഇ.ഡി നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഹാജരായത്. നോട്ടീസ് ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് ഹാജരായത്. കൊവിഡ് ബാധയെ തുടർന്നുള്ള ആശുപത്രിവാസം ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ രണ്ട് തവണയും ചോദ്യം ചെയ്യലിന് സി.എം. രവീന്ദ്രൻ ഹാജരാകാതിരുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങൾക്കും പങ്കുണ്ടെന്ന് ഇ.ഡി നേരത്തെ തന്നെ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നത്.
സി.എം രവീന്ദ്രന് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയിലും പരിശോധന നടത്തിയിരുന്നു. സി.എം രവീന്ദ്രന്‍റെയും, ഭാര്യയുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. രവീന്ദ്രനെതിരായ പരാമവധി തെളിവുകൾ ശേഖരിച്ചാണ് ചോദ്യം ചെയ്യുന്നത്. രണ്ടാംഘട്ട തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടന്ന ദിവസം ഹാജരാകണമെന്ന് ഇ.ഡി നോട്ടീസ് നൽകിയതിനെ ഇടത് രാഷ്‌ട്രീയ നേതാക്കൾ വിമർശിച്ചിരുന്നു.