എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റില്‍ ഓണ്‍ലൈനായി പങ്കെടുത്ത ഹമാസ് നേതാവിന്‍റെ പ്രസംഗം പൊലീസ് വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തില്‍ എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നേതാവിന്‍റെ പ്രസംഗം സംബന്ധിച്ചുള്ള ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെയും പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി (CM Pinarayi Vijayan About Hamas leader speech In Kerala).
പലസ്‌തീനിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കേരളത്തില്‍ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യവും സംസ്ഥാനവും എല്ലായ്‌പ്പോഴും പലസ്‌തീനിനെ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര നിലപാടുകള്‍ ഇപ്പോഴാണ് മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ് സംഘടിപ്പിച്ച പരിപാടിയില്‍ പലസ്‌തീന്‍ നേതാവെന്ന് പരാമര്‍ശിച്ച് കൊണ്ട് ഒരു വ്യക്തി സംസാരിച്ചു. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് നമുക്ക് കാണേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ പ്രസംഗം റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ്. അത് പൊലീസ് പരിശോധനക്ക് വിധേയമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയോ മറ്റേതെങ്കിലും സംഘടനയോ ഇത്തരം പരിപാടികള്‍ നടത്താന്‍ അനുവാദം തേടി പൊലീസിനെ സമീപിച്ചാല്‍ അത് നിഷേധിക്കാറില്ലെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയിലും സംഭവിച്ചത് അതാണെന്നും അതില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ പൊലീസ് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജെപി നദ്ദയുടെ ആരോപണം: ഞായറാഴ്‌ചയാണ് (ഒക്‌ടോബര്‍ 29) സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മിശ്‌അല്‍ ഓണ്‍ലൈനായി പങ്കെടുത്തത്. ഇതിനെതിരെ ബിജെപി പാര്‍ട്ടിയില്‍ നിന്നും നിരവധി നേതാക്കളാണ് വിവാദവുമായി രംഗത്തെത്തിയത്. ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാന സര്‍ക്കാറിനെയും കുറ്റപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ കാഴ്‌ചക്കാരനാണെന്നും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന് ചീത്ത പേര് കൊണ്ടു വരുന്നതാണെന്നും വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ എന്‍ഡിഎ കേരള ഘടകം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നദ്ദയുടെ പരാമര്‍ശം. കേരളത്തില്‍ സര്‍ക്കാര്‍ ഭീകരവാദികളോട് മൃദു സമീപനമാണ് പുലര്‍ത്തുന്നതെന്നും അക്കാര്യം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുള്ള കേരളത്തില്‍ ഭീകരര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്‌തു കൊടുക്കുകയാണെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി. അതേസമയം കേരളത്തില്‍ ഹമാസ് നേതാവിനെ വിദ്വേഷ പ്രസംഗം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിച്ചുവെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം. ബിജെപി നേതാക്കളായ ഇരുവരുടെയും ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.