എറണാകുളം : കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് പതിപ്പിന് പ്രൗഢ ഗംഭീരമായ തുടക്കം. നമ്മുടെ നാടിന്‍റെ സംസ്കാരം ലോകത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനുള്ള ചരിത്രപരമായ ദൗത്യമാണ് ബിനാലെയ്ക്ക് നിർവഹിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബിനാലെ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിലോമ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകൾക്ക് ബിനാലെ കരുത്ത് പകരും. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമകരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവ് പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സാംസ്‌കാരിക ഘടകങ്ങള്‍ ഉള്‍പ്പടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയണം. എന്നാൽ മാത്രമേ കലാപരമായ മേന്മ വർധിക്കുകയുള്ളൂ. പത്ത് വർഷം മുമ്പ് ബിനാലെ തുടങ്ങുമ്പോൾ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു.
കേരളത്തിൽ ബിനാലെയ്ക്ക് വിജയിക്കാൻ കഴിയുമോയെന്ന് ചോദിച്ചവരുണ്ടായിരുന്നു. അഞ്ചാമത്തെ പതിപ്പിൽ എത്തി നിൽക്കുമ്പോൾ മുപ്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള 90ലധികം കലാകാരര്‍ ബിനാലെയിൽ പങ്കാളികളാവുകയാണ്. അന്താരാഷ്ട്ര തലത്തിലേക്ക് ബിനാലെ വളർന്നു. അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വളർന്നുകൊണ്ടിരിക്കുന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം മനസിലാക്കിയാണ് ഏഴ് കോടി രൂപ നൽകാൻ സർക്കാർ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ സഹായമാണിത്. വിനോദ ഉപാധി എന്നതിനപ്പുറം മനുഷ്യന്‍റെ ദുഖങ്ങൾക്ക് ആശ്വാസം പകരാനും അവയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള വേദികൂടിയായി കല വിലയിരുത്തപ്പെടുന്നുണ്ട്.
എല്ലാത്തരം സംസ്‌കാരങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാലതയിലേക്ക് വളർന്ന കൊച്ചി തന്നെയാണ് ബിനാലെയ്ക്ക് ഉചിതമായ വേദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, പി.എ മുഹമ്മദ് റിയാസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലുനോ ഉൾപ്പടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തില്‍ 14 വേദികളിലായി ഏപ്രില്‍ 10വരെ ബിനാലെ പ്രദർശനം തുടരും. 35ലധികം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരരുടെ 200 സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്റ്റുഡന്‍റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവയും അനുബന്ധമായി നടക്കും.
ബിനാലെയോട് അനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. ഫോര്‍ട്ട് കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്ക് പുറമെ ടികെഎം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളിലുമാണ് പശ്ചിമ കൊച്ചിയില്‍ പ്രദര്‍ശനം നടക്കുക. എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 സമകാലിക കലാകാരരുടെ 150ലധികം സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കും.
also read: 200 ശ്രദ്ധേയ കലാസൃഷ്‌ടികള്‍ ; കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും
കൊവിഡ് പ്രതിസന്ധി മൂലം നടക്കാതെ പോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിക്കുന്നത്. ബിനാലെ ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷിക വേളയാണെന്നതാണ് ഇത്തവണത്തെ പതിപ്പിന്‍റെ പ്രത്യേകത. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാം പതിപ്പ് അരങ്ങേറിയ 2018ല്‍ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി 6 ലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇക്കൊല്ലം പത്ത് ലക്ഷം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.