എറണാകുളം: കർക്കിടക മാസത്തിൽ ഓണ നാളുകളിലെ പൂക്കളത്തെ ഓർമിപ്പിച്ച് കൊച്ചിയിൽ വസ്‌ത്രക്കളമൊരുക്കി. എണ്ണായിരത്തിലധികം വസ്‌ത്രങ്ങളുപയോഗിച്ചാണ് മറൈൻ ഡ്രൈവിൽ ആറായിരം ചതുരശ്ര അടിയുള്ള പൂക്കളത്തിന്‍റെ ഇൻസ്‌റ്റാലേഷൻ തയ്യാറാക്കിയത്. പ്രശസ്‌ത സിനിമ താരം ഹണി റോസ് വസ്‌ത്രക്കളം ഉദ്ഘാനം ചെയ്‌തു.
സിനിമ കലാസംവിധായക ദുന്ദുവാണ് വസ്‌ത്രക്കള നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. രണ്ട് ദിവസമെടുത്താണ് പൂർണമായും വസ്‌ത്രങ്ങൾ ഉപയോഗിച്ച് കഥകളി രൂപം തയ്യാറാക്കിയത്. ഇത്തരമൊരു വസ്‌ത്രക്കളം രാജ്യത്തു തന്നെ ആദ്യമായാണ് തയ്യാറാക്കിയത്.
കേരളവുമായി ബന്ധമുള്ളതായിരിക്കണം വസ്‌ത്രക്കളമെന്ന നിർബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് കഥകളി തന്നെ തെരഞ്ഞെടുത്തതെന്ന് ദുന്ദു പറഞ്ഞു. കഥകളി രൂപം തയ്യാറാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഇത്ര വലിയ വിസ്‌തൃതിയിൽ കഥകളി രൂപം തയ്യാറാക്കുമ്പോൾ അതിന്‍റേതായ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അവര്‍ അറിയിച്ചു.
എന്നാൽ, ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. തന്നോടൊപ്പം ഇതിനായി പ്രവർത്തിച്ച ടീമിന്‍റെ കഷ്‌ടപ്പാട് എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഇത്ര ഭംഗിയായി ചെയ്തെടുക്കാൻ കഴിഞ്ഞത്.
തങ്ങൾ ഉദ്ദേശിച്ച ഭംഗിയിൽ തന്നെ തുണി ഉപയോഗിച്ച് വസ്‌ത്രക്കളം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പല രീതിയിലും പൂക്കളം കണ്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത്തരമൊരു വസ്‌ത്രക്കളം ആദ്യമായിട്ടാണെന്ന് അവര്‍ പറഞ്ഞു.
12 പേരടങ്ങുന്ന സംഘമാണ് വിവിധ വർണങ്ങളിലുള്ള വസ്‌ത്രങ്ങൾ ഒരു ദിവസം കൊണ്ട് വേർതിരിച്ചെടുത്തത്. പിന്നെയും രണ്ടു ദിവസത്തിലധികം ചെലവഴിച്ചതോടെയാണ് വസ്‌ത്രക്കളം പൂർത്തിയായത്. പുതിയ വസ്‌ത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
എണ്ണായിരത്തോളം വരുന്ന വസ്‌ത്രങ്ങളും ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി വിതരണം ചെയ്യും. പ്രമുഖ വസ്‌ത്ര ബ്രാന്‍റായ മാക്‌സും അവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറും കൊച്ചിയിൽ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് വസ്‌ത്രക്കളം സംഘടിപ്പിച്ചത്.
പോപ് ആര്‍ട്ടില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ: അതേസമയം, പോപ് ആര്‍ട്ടിലൂടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ പോപ് ആർട്ട് ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ഏച്ചൂർ കോട്ടത്തിനടുത്തുള്ള സാനു പ്രണോയ് എന്ന 25 കാരൻ. ചെറു ചിത്രങ്ങൾ വരച്ച് തീർക്കുന്നതിനപ്പുറം ചിത്രങ്ങളുടെ വേറിട്ട വഴികൾ തേടിയായിരുന്നു ശാസ്ത്രീയമായി ചിത്ര രചന പഠിക്കാത്ത സാനുവിന്‍റെ യാത്ര മുഴുവനും. അങ്ങനെയാണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ പോപ് ആർട്ടിൽ എത്തിപ്പെട്ടത്.
2022 ജൂലൈയിൽ ആണ് സാനുവിന്‍റെ ഇഷ്‌ട താരം കൂടിയായ റൊണാൾഡോയുടെ പോപ് ആർട്ടിന് തുടക്കമിട്ടത്. വ്യത്യസ്‌ത നിറത്തിലുള്ള ചാർട്ടുകൾ ശേഖരിച്ചു. പതിയെ പതിയെ വരച്ചു തുടങ്ങി. പൂർണമായും ഇതിൽ ശ്രദ്ധ ചെലുത്താതെ വെറുതെ കിട്ടുന്ന സമയങ്ങളിൽ ഓരോ ചാർട്ട് പേപ്പറിലായി വരച്ചൊരുക്കി.
ഒടുവിൽ മാസങ്ങളുടെ പരിശ്രമങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 25 അടി നീളവും 15 അടി വീതിയും ഉള്ള പോപ് ആർട്ട് സാനു പ്രണോയ് തയ്യാറാക്കിയത്. ചാർട്ട് പേപ്പറിൽ വർണ്ണക്കടലാസുകളും പെയിന്‍റും ഉപയോഗിച്ചാണ് റൊണാൾഡോയെ വലിയ കാൻവാസിലേക്ക് സാനു പകർത്തിയത്.
104 ചാർട്ട് പേപ്പറിന് മുകളിൽ പലതരത്തിലുള്ള വർണ്ണ കടലസുകൾ ഉപയോഗിച്ചാണ് റൊണാൾഡോയെ വലിയ പ്രതലത്തിലേക്ക് പകർത്തിയത്. ഈ ചാർട്ടുകൾ ഒട്ടിച്ച് ചേർത്തു ഓരോന്നായി നിവർത്തി യോജിപ്പിക്കുന്നത്തോടെയാണ് ചിത്രം പൂർണമാവുന്നത്. വർണ്ണ കടലാസുകൾ ഉപയോഗിക്കുന്നതോടൊപ്പം വേണ്ടിടത്ത് കളർ നൽകി ഫെവിക്കോൾ അല്ലെങ്കിൽ മറ്റേതെങ്കിലും പശ കൊണ്ട് ഒട്ടിച്ചാണ് പോപ് ചിത്രങ്ങൾ ഒരുക്കുന്നത്.