എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ നാട്ടുകാർ നിർമ്മിച്ച പുഴവക്കിലെ കുടിവെള്ള കിണർ മൂടാനെത്തിയ വനപാലകരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തില്‍ തിരിച്ചയച്ചു . എടപ്പാട്ടുപടി കുളിക്കടവിലെ കിണറാണ് അവകാശ വാദം ഉന്നയിച്ച് വനപാലകർ ഇടിച്ചു നിരത്താനെത്തിയത്. പുഴയുടെ ഇരുകരകളും പഞ്ചായത്തിന്‍റെ അധികാര പരിധിയിൽ വരുന്നതാണ്. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കുറ്റിയാം ചാൽ പ്രദേശത്ത് 20 കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നാട്ടുകാരും, തൊഴിലുറപ്പുകാരും ചേർന്നാണ് കിണർ നിർമിച്ചത്. രണ്ട് മോട്ടോറുകൾ സ്ഥാപിച്ചാണ് ഇവിടെ നിന്ന് വെള്ളം എടുക്കുന്നത്.
കിണർ വനത്തിനകത്താണ് നിർമ്മിച്ചതെന്ന കാരണം പറഞ്ഞാണ് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം വനപാലകർ കിണർ പൊളിച്ചു നീക്കാനെത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫ്രാൻസിസ് ചാലിൽ, പഞ്ചായത്തംഗം മേരി കുര്യാക്കോസ്, അഡ്വ ദേവസ്യ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് കിണർ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്.