എറണാകുളം : ഫോട്ടോഗ്രാഫി എന്ന് കേട്ടാൽ മലയാളിക്ക് മനസിലെത്തുന്ന പേരുകളിൽ ഒന്നാണ് മഹാദേവൻ തമ്പി. തിരുവനന്തപുരം സ്വദേശിയായ മഹാദേവൻ തമ്പി ഇന്ത്യൻ സിനിമയുടെ ഭാഗമായിട്ട് 18 വർഷങ്ങളോളം പിന്നിടുന്നു. ഒരു ഫോട്ടോഗ്രാഫറിന് അപ്പുറം മലയാളത്തിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ കൂടിയാണ് മഹാദേവൻ തമ്പി (Cinematographer Mahadevan Thambi Interview).
അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം 'ഓ സിൻഡ്രല' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. അനൂപ് മേനോന്‍റെ മുൻകാല ചിത്രങ്ങളായ കിംഗ് ഫിഷ്, പത്മ തുടങ്ങിയ ചിത്രങ്ങളിലും മഹാദേവൻ തമ്പി തന്നെയായിരുന്നു ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ജയിലർ ആയിരുന്നു തന്‍റെ ഇതിന് മുമ്പത്തെ ചിത്രം. അറിയപ്പെടുന്ന ഒരു സിനിമാറ്റോഗ്രാഫർ ആയെങ്കിലും ഒരു ഫോട്ടോഗ്രാഫർ ആയിരിക്കുക അങ്ങനെ അറിയപ്പെടുക എന്നതിൽ താൻ അഭിമാനിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു ഫോട്ടോഗ്രാഫർ എന്നുള്ള നിലയിൽ ധാരാളം ആൾക്കാരെ സ്വാധീനിക്കുവാൻ സാധിച്ചിട്ടുണ്ട്. ആശയങ്ങൾ ഇടകലർത്തിയുള്ള ഫോട്ടോഗ്രാഫിക്ക് സാധ്യതകൾ ഏറെയാണ്.
തന്‍റെ വീട്ടിലെത്തിയ ഫുഡ് ഡെലിവറി യുവാവിനെ മേക്കോവർ ചെയ്‌ത് ഫോട്ടോകൾ എടുത്തതും, നഗരത്തിലെ രാജസ്ഥാനി നാടോടി പെൺകുട്ടിയെ മേക്കോവർ ചെയ്‌ത് ഫോട്ടോകൾ എടുത്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയങ്ങൾ ആയിരുന്നു. സ്വന്തം വ്യക്തിത്വത്തെ പോലെ ഫോട്ടോഗ്രഫിയെ ഇഷ്‌ടപ്പെടുന്നു.
ഡിഎസ്എൽആർ കൊണ്ടോ മൊബൈൽ ഫോൺ കൊണ്ടോ നല്ല ചിത്രങ്ങൾ എടുക്കുക, സമയത്തെ നിശ്ചലമാക്കുക എന്നതൊരു തപസ്യയാണ്. മലയാള സിനിമയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോൺസെപ്റ്റ് കൊണ്ടുവന്നതിൽ ഒരാൾ താൻ തന്നെയാണ്. അത്തരത്തിൽ പോസ്റ്ററുകൾ റിലീസ് ചെയ്‌ത ആദ്യത്തെ ചിത്രമായിരുന്നു ജയസൂര്യ നായകനായ ഇവർ വിവാഹിതരായാൽ.
അതുവരെയുള്ള പോസ്റ്റർ ഡിസൈനിങ് സിനിമയുടെ ചിത്രീകരണത്തിലൂടെ ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് ഡിസൈൻ ചെയ്യുന്ന തരത്തിൽ ആയിരുന്നു. ഒരു ആശയം മുൻനിർത്തി മികച്ച മേക്കോവറിൽ ചിത്രങ്ങളുടെ അടുത്ത് പോസ്റ്ററുകൾ ഉണ്ടാക്കാൻ ആരംഭിച്ചതോടെ തിയേറ്ററുകളിലേക്ക് ആളെ കയറ്റുന്നതിനുള്ള പ്രധാന ഉപാധി കൂടിയായി മാറി ഇത്തരം കോൺസെപ്റ്റ് ഫോട്ടോകൾ.
ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ നിശ്ചല ചായാഗ്രഹണം നടത്തുന്നതിനിടെയാണ് കമൽഹാസനുമായി വർക്ക് ചെയ്യാൻ ഭാഗ്യം ലഭിക്കുന്നത്. പിന്നീട് വിശ്വരൂപം ചിത്രീകരണം ആരംഭിച്ചപ്പോൾ കമൽ നേരിട്ട് വിളിക്കുകയായിരുന്നു. പെരുച്ചാഴി, ആട്, മധുര രാജ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് പോസ്റ്ററുകളിൽ അത്ഭുതം കാണാൻ സാധിച്ച ചിത്രങ്ങൾ എടുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. 75 ഓളം ചിത്രങ്ങളിൽ ഇതുവരെ മഹാദേവൻ തമ്പി വർക്ക് ചെയ്‌തിട്ടുണ്ട്.