എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പള്ളി ഏറ്റെടുക്കുന്നതിനായുള്ള കർമ്മ പദ്ധതി സർക്കാർ മുദ്രവെച്ച കവറിൽ ഹൈകോടതിക്ക് കൈമാറി. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിച്ചു. പള്ളി ജില്ലാ കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നൽകുന്ന എല്ലാ ഹർജികളും നിലവിൽ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ എ എം. ഷഫീക് വി ജി അരുൺ, എന്നിവർ നിർദേശം നൽകിയിരുന്നു. കോതമംഗലം ചെറിയ പള്ളി ജില്ലാ ഭരണ കൂടം ഏറ്റെടുത്ത് ഓർത്ത ഡോക്സ് വിഭാഗത്തിന് നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പിലാക്കാതിരുന്ന ജില്ലാ കലക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി പരാതിക്കാരനായ വൈദികൻ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് എറണാകുളം ജില്ലാകലക്ടറെ ഹൈക്കോടതി നേരിട്ട് വിളിച്ച് വരുത്തി ശാസിച്ചു. തുടർന്നാണ് പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കർമ്മ പദ്ധതി സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.