എറണാകുളം: കോതമംഗലം ക്രിസ്തുജ്യോതി ഇന്‍റർനാഷണൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികൾക്ക് പാഠപുസ്തകങ്ങളിൽ നിന്നും ലഭിച്ച കൃഷി അറിവുകൾ മണ്ണിൽ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ . 'മീ ആൻഡ് മൈ വെജിറ്റബിൾ ഗാർഡൻ ' എന്ന പേരിൽ പച്ചക്കറി കൃഷി നടത്തിയത്.
സ്കൂളിനോട് ചേർന്നുള്ള 75 സെന്റ് സ്ഥലമാണ് പച്ചക്കറികൃഷിക്കായി ഒരുക്കിയെടുത്തത് . വെണ്ട ,വഴുതന, ചീര, പാവൽ, തക്കാളി ,പടവലം, മുളക്, ആകാശവെള്ളരി ,ശീതകാല പച്ചക്കറികളായ കാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ബ്രോക്കോളി എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ സവാളയും ചെറിയ ഉള്ളിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദിലീപ് കുമാർ നിർവ്വഹിച്ചു. കൃഷി വകുപ്പിന്‍റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമാണ് സ്ഥാപനാധിഷ്ഠിത പച്ചക്കറികൃഷി. സ്കൂളിൽ ആദ്യമായാണ് ഇതുപോലൊരു പച്ചക്കറികൃഷി ആരംഭിച്ചതെന്നും വിളവെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കാർഷിക ക്ലബ്ബിലെ കുട്ടികൾ പറഞ്ഞു. വിഷരഹിത പച്ചക്കറി ശീലമാക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.