എറണാകുളം: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന് 500 കോടി രൂപയുടെ സഹായ വാഗ്ദാനം. കൊച്ചി ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും. വൻ തുക ചെലവഴിക്കുന്ന പദ്ധതികൾക്ക് കോടതിയുടെ അനുമതി വാങ്ങണമെന്ന മാനദണ്ഡപ്രകാരമാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമായ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ എം.ഡി ഗണ ശ്രാവൺ എന്ന ഭക്തനാണ് ക്ഷേത്ര വികസനത്തിന് 500 കോടി വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ചർച്ചകൾ നടത്തുകയാണ്. ദേവസ്വം ബോർഡ് ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ച ശേഷം ക്ഷേത്ര വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ബോർഡ് തീരുമാനം. തിരുപ്പതി മാതൃകയിൽ ചോറ്റാനിക്കര ടെമ്പിൾ സിറ്റി പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ക്ഷേത്രാങ്കണത്തിൽ 300 കോടിയുടെ വികസന പ്രവർത്തനവും ക്ഷേത്രത്തിന് പുറത്ത് 200 കോടിയുടെ വികസന പ്രവർത്തനവുമാണ് നടപ്പിലാക്കുക. ക്ഷേത്ര ശ്രീകോവിൽ സ്വർണം പൂശൽ, നാലുവശങ്ങളിലുമുള്ള അലങ്കാര ഗോപുരങ്ങളുടെ നിർമാണം, വിശാലമായ അന്നദാന മണ്ഡപം, ഓഡിറ്റോറിയം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. രണ്ടാംഘട്ടത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡ്, മാലിന്യപ്ലാന്‍റ് നിർമാണം, ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ എന്നിവയാണ് നടപ്പിലാക്കുക. പണമിടപാടുകളെല്ലാം ബാങ്ക് വഴി മാത്രമായിരിക്കും ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ നടത്തുക. സുതാര്യമായി പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതിയുടെ അനുമതി ലഭിച്ച ശേഷം മാത്രമാകും പ്രവർത്തനങ്ങൾ തുടങ്ങുക.