കൊച്ചി: കോതമംഗലം ചെറിയപള്ളിയിൽ കുട്ടികള്‍ പ്രതിഷേധത്തിനിടെ കൈവിരലില്‍ മുറിവുണ്ടാക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികള്‍ രക്തം കൊണ്ട് സത്യം എന്ന് എഴുതിയതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. സമാധാനമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികൾക്ക് അവകാശമുണ്ടെങ്കിലും 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതിഷേധത്തിന്റെ ഭാഗമായി രക്തം ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ള യാക്കോബായ വിശ്വാസികളുടെ പള്ളികൾ ഓർത്തഡോക്സ് വിഭാഗം കയ്യേറുന്നു എന്നാരോപിച്ചായിരുന്നു കോതമംഗലത്ത് സൺഡേ സ്കൂൾ കുട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചത്. യാക്കോബായ സഭയ്ക്ക് കീഴിലെ എഴുന്നൂറോളം സൺഡേ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികളാണ് 27-ാം തിയതി കുട്ടിക്കൂട്ടം എന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്. തങ്ങളുടെ പൂർവ പിതാക്കന്മാർ പണിത പള്ളി വിട്ടു നൽകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും വ്യക്തമാക്കി കുട്ടികൾ ചോരകൊണ്ട് സത്യം എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചിരുന്നു.