എറണാകുളം: പെരുമ്പാവൂരിലെ മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ്.പി വിവേക് കുമാർ (Three And Half Year Girl Sexually Assaulted). അഞ്ച് പേരെയാണ് ഇന്നലെ (ഒക്‌ടോബര്‍ 20) കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതിയെന്ന് തിരിച്ചറിഞ്ഞ അസം സ്വദേശിയായ സൈജൻ അലിയെന്നയാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും എസ്.പി വിവേക് കുമാർ ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു (Child Has Identified The Accused).
പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്‌ടറുടെ റിപ്പോർട്ട് ഇന്ന് രാവിലെയാണ് ലഭിച്ചത്. ഡോക്‌ടറുടെയും, കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയതിൽ പീഡനം നടന്നതായുള്ള വിവരങ്ങളാണ് ലഭിച്ചത്. സംഭവത്തിൽ ഒരു തരത്തിലുള്ള ആശയ കുഴപ്പവുമില്ല. പരിഭാഷകന്‍റെ സഹായത്തോടെ കൂട്ടിയുടെ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തും. പ്ലൈവുഡ് സ്ഥാപനത്തിന്‍റെ പിന്നിലായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിശ്രമിക്കാൻ തയ്യാറാക്കിയ സ്ഥലത്ത് വച്ചാണ് പീഡനം നടന്നത്.
പീഡനം നടന്ന സമയത്ത് പ്രതി അവിടെ ഉണ്ടായതായും കുട്ടിയും അവിടെ എത്തിയതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം ലഭിച്ച മൊഴിയിൽ വ്യക്തത ഇല്ലാത്തതിനാലാണ് അറസ്റ്റ് വൈകിയത്. ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചുണ്ട്. രണ്ടാഴ്‌ച മുമ്പാണ് പ്രതി പ്ലൈവുഡ് സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. ഇതര സംസ്ഥാന തൊഴിലാളി വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉണ്ടോയെന്ന പരിശോധന തുടരുകയാണന്നും എസ്‌പി വിവേക് കുമാർ വ്യക്തമാക്കി.
വെള്ളിയാഴ്‌ച മാതാപിതാക്കൾ ജോലി ചെയ്യുന്ന വട്ടയക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിൽ സ്‌കൂൾ സമയത്തിന് ശേഷം കുട്ടി വന്നിരുന്നു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി കുട്ടിയെ പീഡിപ്പിച്ചതായാണ് സംശയിക്കുന്നത്. വെളളിയാഴ്‌ച വൈകിട്ടോടെ ശരീര വേദന അനുഭവപ്പെട്ടതായി കുട്ടി പറഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലും കുട്ടി പീഡനത്തിനിരയായതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമെന്നാണ് ലഭ്യമായ വിവരം.
ആലുവ, പെരുമ്പാവൂർ മേഖലകളിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെ തുടർച്ചയായി അതിക്രമകളാണ് നടക്കുന്നത്. ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം, അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലും കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ALSO READ: 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 42കാരന്‍ അറസ്റ്റില്‍