എറണാകുളം : കൊച്ചിയിൽ പരിക്കുകളാേടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് വയസുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുകയാണ്. കുട്ടി ദിവസങ്ങളായി ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ മുറിവുകൾ ഉണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ 72 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് അപസ്മാരത്തെ തുടർന്ന്, തൃക്കാക്കരയിൽ താമസിക്കുന്ന രണ്ട് വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി.
Also Read: വധഗൂഢാലോചന: ദിലീപിന്‍റെ സഹോദരി ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പൊട്ടൽ ഉള്ളതായും കണ്ടത്തി. ഇതേതുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തില്‍ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്‌ടറോട് പറഞ്ഞത്.
അമ്മയുടെ ഈ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴികളിൽ വെരുദ്ധ്യമുള്ളതായാണ് സൂചന.
കുട്ടിയെ മറ്റാരെങ്കിലും മർദിച്ചത് ഇവർ മറച്ചുവയ്ക്കുകയാണോയെന്ന സംശയവുമുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സംഭവത്തിൽ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്. കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ല ശിശുക്ഷേമ സമിതി അറിയിച്ചു.