എറണാകുളം: എറണാകുളം വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഏറെ സന്തോഷത്തോടെയാണ് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർമാണ വേളയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായി. എല്ലാം തരണം ചെയ്‌ത് പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിന് അഭിനന്ദനങ്ങൾ അർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് നിർമാണ ഏജൻസികളേക്കാൾ പിന്നിലല്ല പെരുമരാമത്ത് വകുപ്പെന്ന് തെളിയിച്ചു. ദേശീയപാതയിൽ സംസ്ഥാനം പൂർത്തിയാക്കുന്ന പാലം കൂടിയാണ്. വികസനം നടത്തുമ്പോൾ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം. പ്രശ്‌നങ്ങൾ സൃഷടിച്ച് പ്രശസ്‌തി നേടാനാണ് ഇവരുടെ ശ്രമം. നീതിപീഠത്തിൽ ഉന്നത സ്ഥാനത്തിരുന്നവർ ഇത്തരം പ്രവൃത്തികൾ ചെയ്‌താൽ എന്താണ് ചെയ്യേണ്ടതെന്നും പുതിയ കാലം പുതിയ നിർമാണം എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന് നൽകിയ വി ഫോർ കൊച്ചി കൂട്ടയ്‌മക്കെതിരെ രൂക്ഷ വിമർശനം നടത്തിയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ ഉദ്ഘാടന പ്രസംഗം. നിർമാണ വേളയിൽ വിവാദങ്ങളുണ്ടാക്കി തടസങ്ങൾ സൃഷ്‌ടിക്കാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി ആരോപിച്ചു. കിഫ്ബിയെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലങ്ങളെന്ന് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജനപ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ വൻ ജനാവലിയാണ് ചടങ്ങിൽ പങ്കെടുത്തത്. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ മേല്‍പ്പാലത്തിന്‍റെ ആകെ നീളം 720 മീറ്ററാണ്. ഇരുമേൽപ്പാലങ്ങളും ഇന്ന് ഗതാഗതത്തിനായി തുറന്നതോടെ ദേശീയ പാത 66ൽ തടസങ്ങളില്ലാത്ത യാത്രയ്ക്കാണ് അവസരമൊരുങ്ങിയത്.