എറണാകുളം: ചെറായി ശീതൾ കൊലക്കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവും, മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പറവൂർ അഡീഷണൽ സെഷൻസ് കോടതി. കോട്ടയം തിരുത്തിപ്പള്ളി പാറത്തോട്ടുങ്ങൽ പ്രശാന്ത് (29) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടുതൽ തടവനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ശീതളിന്‍റെ കുട്ടിക്ക് നൽകണമെന്നും വിചാരണ കോടതി നിർദേശിച്ചു.
പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തിയ ക്രൂര കൊലപാതകം നടന്നത് 2017 ഓഗസ്‌റ്റ് 11 ന് ആണ്. കുറ്റകൃത്യം നടന്ന് ആറുവർഷം പൂർത്തിയാകാനിരിക്കെയാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. ചെറായി ബീച്ചിലെ സ്വകാര്യ റിസോർട്ടിന് എതിർവശം വച്ച് സംഭവ ദിവസം പകൽ 11 മണിയോടെ ശീതളിനെ സുഹൃത്തായിരുന്ന പ്രശാന്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
നെഞ്ചിലും വയറിലും കത്തി കുത്തിയിറക്കിയതിനെ തുടർന്നായിരുന്നു ശീതൾ മരണപ്പെട്ടത്. സംഭവ സ്ഥലത്തും നിന്നും ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. കരാർ പണിക്കാരനായ പ്രശാന്ത് ശീതളിന്‍റെ വീടിന് മുകൾ നിലയിൽ സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
പ്രതിയുമായി സൗഹാർദത്തിലായിരുന്ന ശീതൾ ഇയാളുടെ ദുരുദ്ദേശം മനസിലാക്കി ഒഴിവാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും, സാഹചര്യ തെളിവുകളുടെയും പിൻബലത്തിലാണ് തൊണ്ണൂറ് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഞാറയ്ക്കൽ സി.ഐ ആയിരുന്ന ഉല്ലാസ്, മുനമ്പം എസ്.ഐ ആയിരുന്ന ജി.അരുൺ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എം.ആർ രാജേഷ്, പ്രവീൺ ദാസ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി അനിൽകുമാർ ഹാജരായി. കൊവിഡിനെ തുടർന്നായിരുന്നു വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടത്.
അടുത്തിടെ ബ്യൂട്ടീഷന്‍ സുചിത്ര പിളള വധക്കേസില്‍ പ്രതിയായ കോഴിക്കോട് വടകര സ്വദേശി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്‌ക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക തടവും പ്രതി അനുഭവിക്കണം. 2020 മാര്‍ച്ച് 20നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
പാലക്കാട് ടൗണിന് സമീപം മണലിയിലെ പ്രശാന്തിന്‍റെ വാടകവീട്ടില്‍ വച്ചാണ് സുചിത്ര പിളള കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ വലിച്ച് മുറുക്കി കൊലപ്പെടുത്തുകയും തുടര്‍ന്ന് കാലുകള്‍ മുറിച്ച് മാറ്റുകയും മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതിന് പിന്നാലെ മൃതദേഹം കുഴിച്ച് മൂടുകയായിരുന്നു. ഇരുവരും തമ്മിലുളള സൗഹൃദമാണ് ഒടുക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഒരുമിച്ച് ജീവിക്കണമെന്ന സുചിത്ര പിളളയുടെ ആവശ്യവും സുചിത്രയില്‍ നിന്ന് പ്രശാന്ത് കൈപ്പറ്റിയ പണവുമാണ് കൊലപാതക കാരണമായത്. കൊലയ്‌ക്ക് ശേഷം പ്രതി ഒളിപ്പിച്ച് വച്ച സുചിത്രയുടെ സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.