എറണാകുളം: ചെല്ലാനത്തെ കടലാക്രമണങ്ങൾക്ക് പരിഹാരമായി നടപ്പാക്കുന്ന തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് നടക്കും. പദ്ധതി നടപ്പിലാകുന്നതോടെ കടലേറ്റം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കിലാണ് ചെല്ലാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.
Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് സമീപത്ത് 10 കി.മീ ദൈര്‍ഘ്യത്തിൽ കടല്‍ ഭിത്തി പുനരുദ്ധാരണവും ബസാര്‍ കണ്ണമാലി ഭാഗത്ത് 1.90 കി.മീ ടെട്രാപോഡ് സ്ഥാപിക്കലുമാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. കടലാക്രമണ ഭീഷണിയിൽ നിന്ന് തീരക്കെ സംരക്ഷിക്കുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
സംസ്ഥാനത്ത് ആദ്യമായി മത്സ്യഗ്രാമം പദ്ധതി നടപ്പാക്കുന്നതും ചെല്ലാനത്താണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനു പുറമെ ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രദേശത്തു നടപ്പാക്കി വരുകയാണ്. കടലാക്രമണം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണവും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും.