കൊച്ചി: ആഗ്ലോ ഇന്ത്യൻ സമൂഹത്തോട് ക്രൂരമായ അനീതിയാണ് കേന്ദ്ര സർക്കാർ കാണിച്ചതെന്ന് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ ചാൾസ് ഡയസ്.
ന്യൂനപക്ഷ മന്ത്രാലയം 2013ൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ആഗ്ലോ ഇന്ത്യൻ സമൂഹം പിന്നോക്കാവസ്ഥയിലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 70 വർഷമായി തുടർന്ന് വരുന്ന ഭരണഘടന അനുവദിച്ച് നൽകിയ അവകാശമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നത്. ലോക്‌സഭയുടെ പരിഗണനയ്ക്ക് പോലും വരാത്ത രീതിയിൽ തന്ത്രപരമായാണ് ആഗ്ലോ ഇന്ത്യൻ സമൂഹത്തിന് ലഭിച്ചുവന്ന സംവരണം ഇല്ലായ്‌മ ചെയ്യുന്നത്. ഇത് ശരിയല്ലെന്നും തിരുത്താൻ തയ്യാറാവണമെന്നും ചാൾസ് ഡയസ് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുമായി ആഗ്ലോ ഇന്ത്യൻ സമൂഹം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.