എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം. പദ്ധതിയുടെ സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് അനുമതിയില്ലാതെയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിലിൽ സർവേയ്‌ക്കെതിരായ വിവിധ ഹർജികളിലാണ് പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന കാര്യം നിലപാടെന്നുള്ള രീതിയിൽ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
സാമൂഹികാഘാത പഠനത്തിനും കല്ലിടലിനും കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. കേന്ദ്ര സർക്കാരോ റെയിൽവേയോ സംസ്ഥാന സർക്കാരിനോട് സിൽവർ ലൈൻ കല്ലിടാനാവശ്യപ്പെട്ടിട്ടില്ല. വിശദ പദ്ധതി രേഖ സമർപ്പിക്കാനായാണ് തത്വത്തിൽ അനുമതി നൽകിയത്.
സമർപ്പിച്ച ഡിപിആർ അപൂർണമായതിനാൽ വിശദമായ രേഖകൾ കൈമാറാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. കൂടാതെ പദ്ധതിയ്ക്ക് ധനകാര്യ മന്ത്രാലയം സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡിപിആർ തയാറാക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിൽ അനുമതി നൽകിയതെന്നും മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ കല്ലിടൽ നിർത്തിവച്ചതായും ജിയോടാഗ് സംവിധാനം നടപ്പിലാക്കിയതായും സംസ്ഥാന സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം കല്ലിടലിനെതിരെ ഹൈക്കോടതിയടക്കം വിമർശനമുയർത്തിയതിനു പിന്നാലെ പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.