എറണാകുളം: പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം ഏറ്റെടുക്കാൻ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. അതേസമയം കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ വിധിപറയാൻ മാറ്റി.
കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. കേസ് സിബിഐയ്ക്ക് വിടാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധത അറിയിച്ചത്. കോടതിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ കോടതിയിൽ അറിയിച്ചു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരൻ, സി.കെ.സജി എന്ന സജി ജോർജ്, കെ.എം സുരേഷ്, ബി.മണികണ്ഠൻ, പെരിയയിലെ എൻ.ബാലകൃഷ്ണൻ, കെ.മണികണ്ഠൻ എന്നിങ്ങനെ 14 പ്രതികളാണ് കേസിലുള്ളത്.