എറണാകുളം: സോളാർ പീഡനകേസിൽ എറണാകുളം എം.പി ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ ഓഫിസ് ഒഴിവാക്കി രഹസ്യമായാണ് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. ഒരു മണിക്കൂറോളം സമയമാണ് കൊച്ചിയിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. സോളാർ പീഡനക്കേസ് ഏറ്റെടുത്ത സിബിഐ ഹൈബി ഈഡനെ പ്രതി ചേർത്തിരുന്നു. ഇതേതുടർന്ന് ഹൈബി ഈഡൻ താമസിച്ചിരുന്ന എംഎൽഎ ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി.
പരാതിക്കാരി ഹൈബി ഈഡനെതിരെ മൊഴി നൽകിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ഇപ്പോഴത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ നിർദേശിക്കുകയായിരുന്നു.
അതേസമയം ഹൈബി ഈഡനെ ഈ കേസിൽ വീണ്ടും സിബിഐ വിശദമായി ചോദ്യം ചെയ്തേക്കും. നാല് വർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്‌ദുള്ള കുട്ടിക്കുമെതിരെയുള്ള പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.