കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കാൻ സാധ്യത. പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസറുടെ കാര്യാലയത്തിലെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി സിബിഐ ഡയറക്‌ടറേറ്റിന് സമർപ്പിക്കും. തുടർന്നായിരിക്കും നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് അന്വേഷിക്കണമോയെന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുക.
ഒരു മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സിബിഐ സംഘം കസ്റ്റംസ് കാര്യാലയത്തിൽ നിന്ന് മടങ്ങിയത്. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സിബിഐ ഉദ്യോഗസ്ഥർ കേസിന്‍റെ വിശദാംശങ്ങൾ ശേഖരിച്ചത്. സാമ്പത്തിക കുറ്റകൃത്യം എന്നതിലുപരി കേസിന്‍റെ അന്താരാഷ്ട്ര മാനങ്ങൾ ഉൾപ്പടെ പരിഗണിച്ചുള്ള കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണമായിരിക്കും നടക്കുക. ദേശീയ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റകൃത്യമാണ് നടന്നതെന്ന് പ്രതി സരിത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
കസ്റ്റംസ് ആക്‌ട് അനുസരിച്ചുള്ള നിയമ നടപടികൾ മാത്രമേ ഈ വിഷയത്തിൽ കസ്റ്റംസിന് സ്വീകരിക്കാൻ കഴിയുകയുള്ളൂ. ക്രിമിനൽ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന കരുതുന്ന സ്വപ്‌ന സുരേഷിന്‍റെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.