കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ.ജോഷി പുതുവ എന്നിവര്‍ക്കെതിരെ കേസെടുത്തു. കരുണാലയത്തിന്‍റെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് ഭൂമി വില്‍പന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
മാര്‍ച്ച് 13ന് ജോർജ്ജ് ആലഞ്ചേരിയും ഫാ.ജോഷിയും കോടതിയില്‍ നേരിട്ട് ഹാജരാകണം. അലക്‌സിയന്‍ ബ്രദേഴ്‌സ് അതിരൂപതക്ക് ചാരിറ്റി പ്രവര്‍ത്തനത്തിന് മാത്രം വിനിയോഗിക്കുന്നതിനായി നല്‍കിയ ഭൂമി, വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി അതിരൂപത അംഗങ്ങളായ ജോഷി വര്‍ഗീസ്, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഭൂമി ഇടപാടിനെക്കുറിച്ച് മുമ്പ് അതിരൂപത അന്വേഷണത്തിന് നിയോഗിച്ച വൈദിക കമ്മീഷന്‍ അംഗങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അതിരൂപതയിലെ അഞ്ച് ഭൂമികള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി ഏഴ് കേസുകളാണ് ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകൾ ഹൈക്കോടതിയെ സ്‌റ്റേ ചെയ്‌തിരുന്നു.