എറണാകുളം: നടിയെ ആക്രമിച്ചകേസിൽ സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് കൊച്ചിയിലെ വിചാരണ കോടതി വാറന്‍റ് നോട്ടീസ് അയച്ചു. മൊഴി നൽകാൻ ഇന്നലെ കുഞ്ചാക്കോ ബോബന്‍ ഹാജരായില്ല. ഇക്കാര്യം പ്രോസിക്യൂഷനെയോ, കോടതിയോ അറിയിക്കാത്തതിനെ തുടർന്ന് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിചാരണ കോടതി വാറന്‍റ് അയച്ചത്. മാർച്ച് നാലിന് സാക്ഷിവിസ്താരത്തിന് ഹാജരാകണമെന്ന് നിർദേശിച്ചാണ് ബെയ്‌ലബിള്‍ വാറന്‍റ് പുറപ്പെടുവിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രണ്ടാമതും നൽകിയ ഹർജി വിചാരണ കോടതി അംഗീകരിച്ചു. ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക്ക് ലാബില്‍ പരിശോധിച്ച് നിശ്ചിത ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഈ ഹർജിയിൽ പ്രോസിക്യൂഷൻ വാദം കേൾക്കാതെ വിചാരണ കോടതി പ്രതിഭാഗത്തിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
ഹർജിയിലെ ആവശ്യങ്ങൾ രഹസ്യമായിരിക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം അംഗീകരിച്ചത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ദിലീപിന്‍റെ ആവശ്യപ്രകാരം ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക്ക് ലാബിലേക്ക് അയക്കുകയും ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തിരുന്നു.