എറണാകുളം : ഭീഷണിപ്പെടുത്തി പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയ കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പൊലീസിലെ സിഐ ഉൾപ്പടെയുള്ള നാല് ഉദ്യോഗസ്ഥരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിവപ്രകാശ്, സന്ദേശ്, വിജയകുമാർ, ശിവണ്ണ എന്നീ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളായ കൊച്ചി സ്വദേശികളെ വിട്ടയക്കാൻ കർണാടക പോലീസ് ഉദ്യോഗസ്ഥർ ഇരുപത്തിയഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതിയിലാണ് കേസെടുത്തത്.
ഭീഷണിപ്പെടുത്തി പണാപഹരണം നടത്തിയ കുറ്റത്തിന് പൊലീസ് ഉദ്യോസ്ഥർക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌തു. ഒരു സ്ത്രീയുടെ പരാതിയിലാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാല് പേർക്കെതിരെ അന്വേഷണം തുടങ്ങിയതെന്ന് കൊച്ചി ഡി സി പി എസ് ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. കർണാടക പൊലീസ് എന്ന് പരിചയപ്പെടുത്തിയ നാല് പേർ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരിയിൽ നിന്ന് തന്‍റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തുവെന്നും കേസിൽ നിന്ന് ഒഴിവാക്കാനായാണ് പണം ആവശ്യപ്പെട്ടത്.
പ്രതികളുമായി തിരിച്ച് പോകും വഴിയാണ് കളമശ്ശേരി പൊലീസ് കർണാടക പൊലീസിനെ തടഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കളമശ്ശേരി പൊലീസിന് ആരോപണ വിധേയരായ കർണാടക പൊലിസ് ഉദ്യോഗസ്ഥരെ പിടികൂടാൻ നിർദേശം നൽകുകയായിരുന്നു. പറമ്പായം എന്ന സ്ഥലത്തുവച്ച് ഒരു സിഐ ഉൾപ്പടെ നാല് പൊലീസുകാരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും 3.95 ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിയിലായ ഉദ്യോഗസ്ഥർ കർണാടക സൈബർ വിഭാഗത്തിലെ പൊലീസുകാരാണ്. പണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പൊലീസുകാർക്ക് കഴിഞ്ഞിട്ടില്ല.
പരാതിക്കാരിയുടെ ബന്ധുവായ അഖിൽ ആന്‍റണി കർണാടക പൊലീസ് കഴിഞ്ഞ ചൊവ്വാഴ്‌ച (ആഗസ്റ്റ് 1) തന്നെ കസ്റ്റഡിയിലെടുത്തുവെന്നും 25 ലക്ഷം രൂപ നൽകിയാൽ വിട്ടയക്കാമെന്ന് പറഞ്ഞതായും കേരള പൊലീസിന് മൊഴി നൽകി. പിന്നീട് 10 ലക്ഷം നൽകിയാൽ വിട്ടയക്കാമെന്ന് അറിയിച്ചുവെന്നും അഖിൽ വ്യക്തമാക്കി. നാല് ലക്ഷത്തോളം രൂപ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികളുടെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പിടിയിലായ അഖിൽ ആന്‍റണിയിൽ നിന്ന് ഒരു ലക്ഷം രൂപയും മറ്റൊരാളുടെ ബന്ധുവിൽ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയത്.
ഭീഷണിപ്പെടുത്തി പണാപഹരണം നടത്തിയതിനാണ് കേസ് എടുത്തത്. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും കൊച്ചി ഡിസിപി അറിയിച്ചു. നിലവിൽ കളമശ്ശേരി സ്റ്റേഷനിൽ പ്രതികളായ പൊലീസുകാരെ ചോദ്യം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുളള എ സി പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.