എറണാകുളം : കുട്ടമ്പുഴ പഞ്ചായത്തില്‍ കൃഷിക്കാരുടെ പട്ടയഭൂമിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരങ്ങൾ മുറിച്ച 40ഓളം പേർക്കെതിരെ കേസെടുക്കാനൊരുങ്ങി വനം വകുപ്പ്.
സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, തട്ടേക്കാട്, കുട്ടമ്പുഴ, നേര്യമംഗലം റേഞ്ചുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ കൃഷിക്കാരുടെ പട്ടയ ഭൂമിയിൽനിന്ന് മരങ്ങൾ റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാസ് വാങ്ങി നിയമാനുസൃതം മുറിച്ച കർഷകർക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുക്കാനൊരുങ്ങുന്നത്.
നിയമാനുസൃതം മരംമുറിച്ച പാവപ്പെട്ട കർഷകർക്കെതിരെ കേസെടുക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കർഷകർക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ തയ്യാറല്ല.റവന്യൂ ഭൂമിയിലെ മരം മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുക്കുന്നത് നിയമപരമായി നില നിൽക്കില്ലെന്നാണ് ഇവരുടെ നിലപാട്.
Also Read: 'കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല' ; നിലവിലേത് തുടരണോയെന്ന് ആലോചിക്കുമെന്നും സാബു എം ജേക്കബ്
സ്വന്തം കൃഷിഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ അനുമതിയോടെ മുറിച്ചിട്ടും നിയമ നടപടികൾ നേരിടേണ്ടി വരുന്ന ഗതികേടിലാണ് പ്രദേശവാസികൾ.
കർഷകർക്ക് എതിരെ കേസ് എടുക്കുന്നവർ ആദ്യം മരംമുറിക്കാൻ അനുവാദം തന്നവർക്ക് എതിരെ കേസ് എടുക്കണമെന്നാണ് കർഷകർ പറയുന്നത്. ഉദ്യോഗസ്ഥർ അനുമതി നൽകിയതുകൊണ്ടാണ് മരംമുറിച്ചത് എന്നും കർഷകർ പറയുന്നു.
കർഷകർക്കെതിരെ ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും സഹായിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുട്ടമ്പുഴ മുൻ ഗ്രാമപഞ്ചാത്ത് പ്രസിഡൻ്റ് പീറ്റർ പറഞ്ഞു.
നിയമ നടപടികളുമായി വനം വകുപ്പ് മുന്നോട്ടുപോയാൽ സമരം ചെയ്യാനാണ് കർഷകരുടെ തീരുമാനം. എന്നാൽ മരം മുറിച്ച കർഷകർക്കെതിരെ ഇതുവരെ കേസുകൾ എടുത്തിട്ടില്ലെന്ന് തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ടി.എം റഷീദ് പറഞ്ഞു.