എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. കൊച്ചിയിലെ വിചാരണ കോടതിയിൽ രഹസ്യമായാണ് വിസ്താരം നടന്നത്. രാവിലെ പതിനൊന്ന് മണിക്ക് പ്രോസിക്യൂഷൻ വിസ്താരം തുടങ്ങിയിരുന്നു. ക്രോസ് വിസ്താരം നീണ്ടതോടെ വൈകുന്നേരമാണ് വിസ്താരം അവസാനിച്ചത്. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തുകളിൽ ഒരാൾ കൂടിയാണ് ഗീതു. സാക്ഷിവിസ്താരത്തിനായി സംയുക്ത വർമ എത്തിയിരുന്നെങ്കിലും സമയ പരിമിതി കാരണം ഇപ്പോൾ വിസ്തരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം നടൻ കുഞ്ചാക്കോ ബോബൻ സാക്ഷിവിസ്താരത്തിന് എത്തിയില്ല. ആക്രമിക്കപ്പെട്ട നടിയും, എട്ടാം പ്രതി ദിലീപും തമ്മിലുള്ള വ്യക്തിവിരോധവും, അഭിപ്രായ വ്യത്യാസങ്ങളും വ്യക്തമായി അറിയാവുന്നവരാണ് ചലച്ചിത്ര താരങ്ങളായ ഗീതു മോഹൻദാസും, സംയുക്താ വർമയും. ഈയൊരു സാഹചര്യത്തിലാണ് ഇരുവരെയും പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ന് വിസ്താരത്തിന് എത്താതിരുന്ന നടൻ കുഞ്ചാക്കോ ബോബന്‍റെ മൊഴി മാർച്ച് നാലിന് രേഖപ്പെടുത്തും. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. ഒന്നാം പ്രതി പൾസർ സുനിയുൾപ്പടെയുള്ള പ്രതികളെയും കോടതിയിൽ ഹാജരാക്കി. കേസിൽ നിർണായക മൊഴി നൽകാൻ കഴിയുന്ന സാക്ഷികളുടെ വിസ്താരമാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോൻ, ഗായിക റിമി ടോമി എന്നിവരെ ഇനിയുള്ള ദിവസങ്ങളിൽ വിസ്തരിക്കും. നടിയും കേസിലെ പതിനൊന്നാം സാക്ഷിയുമായ മഞ്ജു വാര്യരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായ ആദ്യ നിലപാടുകളിൽ അവർ ഉറച്ചുനിൽക്കുന്നതായാണ് വിവരം. സിദ്ദിഖിനും ബിന്ദു പണിക്കർക്കും ഇന്നലെ മൊഴി നൽകാനായിരുന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ ഏഴിന് പൂർത്തിയാകുന്ന രീതിയിലാണ് ഒന്നാം ഘട്ട സാക്ഷി വിസ്താരം ക്രമീകരിച്ചത്.