എറണാകുളം: ചങ്ങനാശ്ശേരി നഗരസഭയുടെ നോമ്പുതുറ സൈറൺ വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി ഇറക്കിയ നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന വിവാദ ഉത്തരവിന്മേൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ക്രിസ്‌തീയ സംഘടനയായ കാസ ഹൈക്കോടതിയെ സമീപിച്ചത്. വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
സർക്കാർ സംവിധാനങ്ങളെ മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ഭരണഘടന ധാർമ്മികതയ്ക്ക് എതിരാണ്. ഈ മാസം ഇരുപത്തിമൂന്നാം തീയതി മുതൽ ഏപ്രിൽ 21 വരെ നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്നാവശ്യപ്പെട്ട് പുത്തൂർ പള്ളി ജമാഅത്ത് നഗരസഭയ്ക്ക് അപേക്ഷ നൽകുകയും തുടർന്ന് നഗരസഭ സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയെന്നുമാണ് ഹർജിയിൽ പറയുന്നത്. ഭാവിയിൽ സമാനമായ ആവശ്യങ്ങളുമായി മറ്റ് മതവിഭാഗങ്ങളും എത്തിയേക്കാമെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശ നൽകുമെന്നും വാദമുണ്ട്.
സർക്കാർ സംവിധാനങ്ങളെ മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തുടങ്ങിയവർക്ക് നിർദേശം നൽകണം. ഹർജി തീർപ്പാകും വരെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്യണം. നോമ്പു തുറ സൈറൺ ഉത്തരവിനാധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്നും അഡ്വ.സി രാജേന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ കാസ ആവശ്യപെടുന്നുണ്ട്.
ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ചൊവ്വാഴ്‌ച പരിഗണിച്ചേക്കും. നോമ്പ് തുറ സമയത്ത് സൈറൺ മുഴക്കണം എന്നായിരുന്നു ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. കൃത്യസമയത്തു സൈറൺ മുഴങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നു.