എറണാകുളം: പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു. എം.സി റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. മലപ്പുറം കോട്ടൂർ സ്വദേശികളായ ഹനീഫ (29), സഹോദരൻ ഷാജഹാൻ (27), ഭാര്യ സുമയ്യ (20) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ഹോസ്‌പിറ്റൽ, സാൻജോ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.
സുമയ്യയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിലും മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായാണ് ഉള്ളത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവം നടന്ന റോഡ് സ്ഥിരം അപകട മേഖലയാണ്. രാത്രി തടിമാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ റോഡരികിൽ സ്ഥിരം തടി കയറ്റിയ വാഹനം കിടക്കുന്നതും ഇവിടെ പതിവാണ്. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.