എറണാകുളം: പ്ലാസ്റ്റിക് എന്ന വിപത്തിനെ മുഴുവനായും തുടച്ചുനീക്കണമെന്ന ആഹ്വാനവുമായി എഞ്ചിനീയറിങ് വിദ്യാർഥി നടത്തുന്ന കാൽനടയാത്ര 125 ദിവസങ്ങൾ പിന്നിട്ടു. മധുരൈ ദേവകോട്ടൈ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ ഇമ്മാനുവൽ ജോസഫ് രാജാണ് പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി കാൽനടയാത്ര തുടങ്ങിയത്. ഇതുവരെ 2500 കിലോമീറ്ററിലധികം നടന്നുതീര്‍ത്ത ഇമ്മാനുവേൽ എറണാകുളത്തെത്തി. വഴിയിൽ കാണുന്നവരോടെല്ലാം പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ സംസാരിച്ചുകൊണ്ടാണ് ഈ ചെറുപ്പക്കാരന്റെ യാത്ര. ഗുരുവായൂരാണ് അടുത്ത ലക്ഷ്യം.
കൊൽക്കത്ത ഹൗറ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 23-ാം തീയതിയാണ് ഇമ്മാനുവേൽ പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശവുമായി യാത്ര ആരംഭിക്കുന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ യുവാവ് കേരളത്തിൽ എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ദ്വാരകയിൽ യാത്ര അവസാനിപ്പിക്കാനാണ് ഇമ്മാനുവേൽ ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക്ക് ഉപയോഗശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കുകയെന്ന സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇമ്മാനുവേൽ പറയുന്നു. പണം കരുതാതെയാണ് ഇമ്മാനുവൽ യാത്ര ആരംഭിച്ചത്. കൂടുതൽ ആളുകളുമായി സംസാരിക്കുവാനും കാര്യങ്ങൾ വിശദീകരിക്കുവാനും ഈ യാത്ര സഹായകരമാണെന്നാണ് ഇമ്മാനുവലിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ കോടികൾ ചെലവാക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും ഇവിടെ നിസംഗമായ നിലപാടാണ് പുലർത്തുന്നതെന്നും ഇമ്മാനുവേൽ കൂട്ടിച്ചേർത്തു.
സേലം ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇമ്മാനുവേലിന്റെ പിതാവ് ജോൺ കെന്നഡി സൈനിക ഉദ്യോഗസ്ഥനാണ്. അമ്മ സെൽവി, അമ്മൂമ്മ, സഹോദരങ്ങൾ എന്നിവരടങ്ങുന്ന കുടുംബം വലിയ പിന്തുണ നൽകുന്നതായും ഈ ചെറുപ്പക്കാരൻ പറയുന്നു.