എറണാകുളം : ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെ പൊലീസ് ചോദ്യം ചെയ്‌തു. രഹസ്യ കേന്ദ്രത്തിൽവച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. അഭിഭാഷക ഫീസായാണ് പണം വാങ്ങിയെതെന്നാണ് സൈബി പൊലീസിന് മുന്നിലും നൽകിയ മൊഴി എന്നാണ് സൂചന.
അതേസമയം ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഡിജിപിക്ക് സമർപ്പിക്കും. ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി വിജിലൻസ് വിഭാഗം ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ സൈബി ജോസ് വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ട്.
72 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയെന്ന് വിജിലൻസിന് നാല് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്‌റ്റർ ചെയ്‌ത പീഡന കേസിൽ നിർമാതാവിൽ നിന്ന് 25 ലക്ഷം രൂപയും ഫീസ് ആയി 15 ലക്ഷം രൂപയും സൈബി വാങ്ങിയെന്നാണ് ആരോപണം.
സൈബി സംശയാസ്‌പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ആഡംബര ജീവിതമാണ് ഇയാൾ നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ജഡ്‌ജികളുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്‌ട് പ്രകാരം നടപടിയും കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.
അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്നും ഹൈക്കോടതി വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഹൈക്കോടതി ഫുൾ കോർട്ടിന്‍റെ ശുപാർശയിലുള്ള സൈബി ജോസിനെതിരായ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇന്ന് (25-1-2023) മൊഴി രേഖപ്പെടുത്തിയത്.