എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്‌ടറുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ല കലക്‌ടര്‍ ഡോ. രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുളള ഹെലികോപ്‌ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യത്തിന്‍റെ അടിയില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രണാതീതമായി തുടരുകയാണ്.
ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്നിരക്ഷ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപ്പറേഷന്‍ നാളെ തുടരും. കഴിഞ്ഞ അഞ്ചു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും പ്രത്യേകമായി ചൊവ്വാഴ്ച തുടങ്ങും. ഇതിനായി ചൊവ്വാഴ്‌ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് കാമ്പ് ചെയ്‌ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തും.
വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്‌റ്റേഷനില്‍ 146, എലൂര്‍ സ്റ്റേഷനില്‍ 92 മാണ് പി.എം തോത് കാണിക്കുന്നത്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവർത്തിച്ച് അറിയിച്ചു. മാത്രമല്ല ഇന്ന് രാത്രിയും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.
അതേസമയം നഗരത്തിലെ മാലിന്യ നീക്കവും നിലച്ചിരിക്കുകയാണ്. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. ഇന്ന് മാലിന്യ നീക്കത്തിന് താൽക്കാലിക ബധൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചിരുന്നു. ഇതിനു വേണ്ടി ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നും മാലിന്യ ശേഖരണം തുടങ്ങിയിട്ടില്ല.
കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. പ്ലാസ്‌റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്‌റ്റിക്ക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായി.പലർക്കും ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. എല്ലാ വർഷവും ബ്രഹ്മപുത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻകരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപ്പിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. വർഷാവർഷങ്ങളിലുണ്ടാകുന്ന വൻ തീപ്പിടിത്തം പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപെടുകയോ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല.
മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേദിവസം തന്നെ തീപ്പിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടാണ് കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ സ്വീകരിച്ചത്. കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പ്ലാസ്‌റ്റിക്ക് മാലിന്യങ്ങളും ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്‌കരിക്കുന്നത്. എന്നാൽ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനായി നിരവധി പദ്ധിതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർത്ഥമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ നിയന്ത്രണവിധേയമായതോടെ മാലിന്യവുമായി വാഹനങ്ങൾ ബ്രഹ്മപുരത്ത് എത്തിയെങ്കിലും നാട്ടുകാർ തടയുകയും തിരിച്ചയക്കുകയും ചെയ്‌തിരുന്നു.