എറണാകുളം: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെൻ്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ അഞ്ച് സെന്‍റീമീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻ്റിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
അതേസമയം, സംസ്ഥാനത്ത് നാളെ മുതൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മൂന്ന് ജില്ലകളിലും ശനിയാഴ്‌ച അഞ്ച് സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.