എറണാകുളം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്‌തു നീക്കി. മേനകാ ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തിയതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയെ തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്ണ ആരോപിച്ചു. കോടിയേരിയുടെ വീട്ടിൽ നടന്നത് അതിനുള്ള ശ്രമമാണ്. വാളയാറിലെ കുട്ടികളെ കാണാതിരുന്ന ബാലാവകാശ കമ്മിഷൻ കോടിയേരിയുടെ മകന്‍റെ കുട്ടികളുടെ കാര്യത്തിൽ ആശങ്കപെടുകയാണ്. അവിടെയൊരു ബാലാവകാശ ലംഘനവും നടന്നിട്ടില്ലെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു.
യുവമോർച്ചാ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പ്രകോപനം സൃഷ്‌ടിക്കാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു. പ്രതിഷേധത്തിനിടെ സംഘർഷ സാധ്യയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് എസിപി ലാൽജിയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹമൊരുക്കിയിരുന്നു.